മണ്ണാർക്കാട്: നിലവിൽ ജോലിയിലുള്ള അധ്യാപകർ ടെറ്റ് യോഗ്യത നേടണമെന്ന സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിൽ കേരളത്തിൽ അധ്യാപകരുടെ പ്രമോഷൻ, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങൾ തടയാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി ഡിജിഇ, ഡിഡിഇ, ഡിഇഒ, എഇഒ എന്നീ ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാ ഓഫീസർക്ക് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഡോ.എൻ.വി. ജയരാജനും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ഉപജില്ലാ സെക്രട്ടറി പി.കെ. രാജീവനും നിവേദനം നൽകി.
തുടർന്ന് ഈ ആവശ്യമുന്നയിച്ചു മണ്ണാർക്കാട് എഇഒ, ഡിഇഒ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധസമരം കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ജാസ്മിൻ കബീർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി.
ഡോ. ജയരാജൻ എൻ.വി. മനോജ് ചന്ദ്രൻ, നൗഫൽ താളിയിൽ, പി. രമ, ബിന്ദു പി. ജോസഫ്, എം. പ്രദീപ്, പി.കെ. രാജീവൻ, ബെന്നി എം. ജോസഫ്, ഗിരീഷ് ലാൽ, കെ. ഹംസക്കുട്ടി, പി. പുഷ്പലത എന്നിവർ പ്രസംഗിച്ചു.